തിരുവനന്തപുരം: സൈബര് ലോകത്തെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പായ മലയാളം വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം 30,000 കവിഞ്ഞു. ഇന്നലെയാണ് മലയാളം വിക്കിയില് ലേഖനങ്ങളുടെ എണ്ണം 30,000 തികഞ്ഞത്. ബുധനാഴ്ച ഉച്ചവരെ 30010 ലേഖനങ്ങളായിട്ടുണ്ട്. ഭാരതീയ ഭാഷകളില് ബംഗാളി, ഉറുദു, തെലുഗു ഭാഷകള്‍ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുണ്ടെങ്കിലും ലേഖനങ്ങളുടെ ഗുണമേന്മയില് (പേജ് ഡെപ്ത്ത്)മലയാളം വിക്കി മുന്നിട്ടു നില്‍ക്കുന്നുവെന്നതാണ് ഈ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്്. ഇംഗ്ളീഷ് കഴിഞ്ഞാല് ലോകത്തില് തന്നെ ഏറ്റവും മികച്ച പേജ് ഡെപ്ത്തുള്ള ലേഖനങ്ങള് ലഭ്യമായിട്ടുള്ളത് മലയാളത്തിലാണ്.
2001ല് ഇംഗ്ളീഷ് വിക്കിപീഡിയ ആരംഭിച്ചതിന്റെതൊട്ടടുത്ത വര്ഷം തന്നെ മലയാളം വിക്കിയുടെ പ്രവര്ത്തനങ്ങള്ക്കും തുടക്കമായി. ലോകഭാഷകളിലെല്ലാം തന്നെ വിക്കിപീഡിയ പതിപ്പുകള് തുടങ്ങാനുള്ള സാങ്കേതിക സൗകര്യങ്ങള് വിക്കിപീഡിയയുടെ നിര്മാതാക്കളായ വിക്കിമീഡിയ ഫൗണ്ടേഷന് തുടങ്ങിവെച്ചതോടെയാണിത് സാധ്യമായത്. അമേരിക്കയിലെ ഒരു സര്വകലാശാലയില് ഗവേഷണ വിദ്യാര്ഥിയായിരുന്ന വിനോദ് പ്രഭാകരന് എന്ന തിരുവനന്തപുരം സ്വദേശിയാണ് ഇതിന് തുടക്കം കുറിച്ചത്. 2002 ഡിസംബര് 21നായിരുന്നു അത്. മലയാളം വിക്കിയില് ആദ്യമായി ചേര്ക്കപ്പെട്ട ലേഖനം ‘മലയാള അക്ഷരമാല’യായിരുന്നു. പിന്നെ എഴുതപ്പെട്ട ലേഖനം ‘ശ്രീനാരായണ ഗുരു’വായിരുന്നു. തുടക്കത്തില്‍ വിദേശമലയാളികളാണ് വിക്കിമലയാളത്തിന്റെപ്രവര്ത്തനങ്ങള് നയിച്ചത്. സൈബര് സാങ്കേതികവിദ്യ കാര്യമായി ജനകീയമായിട്ടില്ലായിരുന്ന ആ സമയത്ത് അതിന്റെപ്രവര്ത്തനങ്ങള് പൊതുവെ മന്ദഗതിയിലായിരുന്നു. 2004ല്, മലയാളം യൂനികോഡ് വ്യാപകമായി ലഭ്യമായതോടെ മലയാളം വിക്കിയിലേക്ക് കൂടുതല് ലേഖനങ്ങള് വന്നു തുടങ്ങി. 2006ലാണ് കാര്യമായ മുന്നേറ്റമുണ്ടായി. ആ വര്‍ഷമാണ് 500ാമത്തെ ലേഖനം ചേര്‍ക്കപ്പെട്ടത്. ആ വര്‍ഷം തന്നെ ലേഖനങ്ങളുടെ എണ്ണം രണ്ടായിരത്തിനടുത്തെത്തി.
2012 ജൂലൈയിലെ കണക്കുപ്രകാരം 27 ലക്ഷം ഹിറ്റുകള് പ്രതിമാസം മലയാളം വിക്കിപീഡിയക്ക് ലഭിക്കുന്നു. ലോകത്തിന്റെഏതു ഭാഗത്തുള്ള ആര്ക്കും ലേഖനത്തില് ഇടപെടാനും തിരുത്താനും സ്വാതന്ത്ര്യമുള്ള മലയാളം വിക്കിയില്, കഴിഞ്ഞ പത്തുവര്ഷത്തിനിടെ 46,000ലധികം അംഗങ്ങള് ഉണ്ട്. എന്നാല്, ഇവരില് ഭൂരിഭാഗം ആളുകളും സജീവമല്ല. കേവലം 300ല് താഴെ ആളുകള് മാത്രമാണ് സജീവമായി ലേഖനങ്ങള് എഴുതുന്നതിനും തിരുത്തുന്നതിനുമൊക്കെ സജീവമായി രംഗത്തുള്ളത്.
30,000 പിന്നിട്ട മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങള് രണ്ടു ലക്ഷത്തിലേറെ പുറങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ലേഖനങ്ങളുടെ പേജ് ഡെപ്ത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
0 comments: